
ആദിയിലഖിലേശൻ
ആദിയിലഖിലേശൻ അലിവാർന്ന ഹൃത്താൽ
അരുളിയ വചനം ചൈതന്യമായി
അധിപനാം നാഥന്റെ കരസ്പർശമേറ്റ്
അഖിലവുമുരുവായന്നില്ലായ്മയിൽ നിന്നും
ഇല്ലായ്മയിൽ നിന്ന് മഹിയെ മെനഞ്ഞു
നല്ലതായ് കണ്ടാഴിയെ വേർതിരിച്ചു
വല്ലഭൻ ഭൂമിയെ പച്ച പുതപ്പിച്ചു
എല്ലായിടത്തും സൂര്യ പ്രകാശമേകി
ഇരുളിൽ തിളങ്ങുവാൻ തിങ്കളെ തീർത്തു
ഇരുളും പകലുമായ് വേർതിരിച്ചു
ഇനം തിരിച്ചു പക്ഷി മൃഗങ്ങളേയും
ഇഹത്തിൽ ജീവനെ സമൃദ്ധമാക്കി
ധരണിക്കാകാശ മേൽക്കൂര തീർത്തു
താര നിരകൾകൊണ്ട് തൊങ്ങൽ ചാർത്തി
കടലിന്നു മണൽകൊണ്ടു ചിറ കെട്ടി ദൈവം
കരയെ പുണരുവാൻ അലകളേകി
മേഘത്തിൽ മഴയെ ഒളിപ്പിച്ചു നാഥൻ
മഴവില്ലാൽ വിണ്ണിനു നിറച്ചാർത്തു നൽകി
പുൽനാമ്പ്, പനിനീര്, പൊന്നമ്പലെല്ലാം
പാരിതിൽ ഈശന്റെ കരവേലയല്ലൊ
സ്വന്തമാം സുന്ദര പ്രതിഛായയിൽ
മണ്ണിനാൽ മനുജനെ മെനഞ്ഞെടുത്തു
മർത്യന്നു ദാനമായ് നൽകിയെല്ലാം
മണ്ണിന്നധിപനായ് വാഴിച്ചു നാഥൻ
-അലക്സ് നമ്പ്യാപറമ്പിൽ
Credits: Photo by Lumina Obscura from pixabay.com