അനുയാത്ര

അനുയാത്ര

2021, Jun 23    

അനുയാത്ര ചെയ്യുന്നു ഞാനേശുവെ
കാൽവരി ബലിവേദി തന്നിലെ
യാഗത്തിനണയുവാൻ ഞാനിതാ
അനുയാത്ര ചെയ്തീടുന്നു നാഥാ

ഹോസാനയും പെസഹായും തന്ന
സന്തോഷത്താലെ മറന്നുറങ്ങി
ഒരുമണിക്കൂർ അങ്ങയോടൊത്തന്ന്
പ്രാർത്ഥിക്കുവാനെനിക്കായില്ല നാഥാ

ഒന്നല്ലൊരായിരം തവണ അങ്ങയെ
തള്ളിപ്പറഞ്ഞതോർക്കുന്നു നാഥാ
കോഴികൂവുന്നതു കേൾക്കുമ്പോളെൻ മനം
നീറിനീറിപ്പുകയുന്നു ദേവ

നിണം കൊണ്ടു തീർത്ത കാല്പാടുകൾ
കാൽവരിവരേയും പിന്തുടരാൻ
ശിമയോനെപ്പോലെ കുരിശു താങ്ങാൻ
മുൾക്കിരീടമിതേറ്റു വാങ്ങാൻ

അന്ധകാരത്തിൻറെ ശക്തികളൊന്നിച്ച്‌
നിത്യപ്രകാശത്തെ ക്രൂശിലേറ്റി
ക്രൂശിലെ നാഥൻറെ കാൽപാദങ്ങളിൽ
കെട്ടിപ്പിടിച്ച്‌ കരഞ്ഞോട്ടെ ഞാൻ

-അലക്സ് നമ്പ്യാപറമ്പിൽ


Credits: Photo by congerdesign from pixabay.com