അരികിലണയാത്ത ഓണം

അരികിലണയാത്ത ഓണം

2020, Sep 01    

വന്നിതാ പൊന്നോണത്തിൻ ആനന്ദം ഹൃദയത്തിൽ
കാത്തു കാത്തിരുന്നോരാ പൊന്നോണം വരവായി

എന്നുടെ മനതാരിൽ പൊയ്‌പോയോരോണോത്സവം
അന്നു നീ ഓണനാളിൽ എത്രയോ നൃത്തം ചെയ്തു

അന്നു നീ അനുരാഗ നിറവിൽ മുത്തം തന്നു
തുമ്പയാമെന്നെക്കാണാൻ തുമ്പി നീ അണഞ്ഞപ്പോൾ

ഇമ്പമായ് പ്രേമഗാനം പാടിയതോർക്കുന്നു ഞാൻ
അമ്പമ്പോ! ആനന്ദത്താൽ എന്നെ ഞാൻ മറക്കുന്നു

തുമ്പീ നിൻ ചിറകിന്റെ മൃദുവാം സ്വരം കേൾക്കാൻ
തുമ്പ ഞാൻ കൊതിക്കുന്നു ഹൃദയം തുടിക്കുന്നു

വന്നിടുമോണനാളിൽ തുമ്പി നീ അണയുമ്പോൾ
ഓർക്കണമറിയാതെൻ അരികത്തണയല്ലേ

അകലം പാലിക്കണം അകലം പാലിക്കണം
വേണമീ സാമൂഹിക അകലമെല്ലാവർക്കും

ഓണമെങ്കിലുമെത്ര സ്നേഹമാണെങ്കിൽപോലും
നൃത്തവും മറന്നേക്കൂ മുത്തവും മറന്നേക്കൂ

എങ്ങുമേ കേൾക്കാനില്ല പൊന്നോണപ്പൂവിളികൾ
എത്രയും കരുതലിൽ അകലം പാലിച്ചോളൂ

ആമോദമില്ലാതെല്ലും പൊന്നോണപ്പുലരിക്ക്
ആവതുമകലത്തിൽ പൊന്നോണമാഘോഷിക്കാം

-അലക്സ് നമ്പ്യാപറമ്പിൽ