
ഛിൽ... ഛിൽ ഛിൽ
ഛിൽ… ഛിൽ ഛിൽ ഛിൽ… ഛിൽ ഛിൽ
മഴ വന്നല്ലോ മഴ മഴ മഴ വന്നല്ലോ മഴ മഴ
മഴ വന്നല്ലോ മഴ മഴ മഴ വന്നല്ലോ പുതുമഴ
വേനൽ ചൂടിൽ കേഴും ഭൂമിക്കേറെ കുളിരേകാൻ
വേഴാമ്പൽ തൻ തപമിളകാൻ ദാഹം തീർത്തീടാൻ
അരുവികളെല്ലാം അണിയണിയായ് പുഴകളിലണയാനായ്
ആമോദത്താൽ മഴയിൽ കുട്ടികളാർത്തു രസിച്ചീടാൻ
ആ മലയീമല പൊന്മലയെല്ലാം പൂമലയാക്കീടാൻ
മോഹം പൂക്കും താഴ്വരയെല്ലാം പച്ച പുതപ്പിക്കാൻ
വർണ്ണപ്പൂക്കുട ശോഭപരത്തി മഴവില്ലണയനായ്
വിണ്ണിൽ നിന്നും മേഘത്തേരിൽ മണ്ണിൽ വന്നല്ലോ
മയിലുകളാടാൻ കുയിലുകൾ പാട്ടിൻ തംബുരു മീട്ടീടാൻ
മണിവർണ്ണക്കിളി മാനത്തെങ്ങും പാറി നടന്നീടാൻ
രാഗത്തിൽ പുതുസംഗീതത്തിൽ ശ്രുതി മീട്ടീടാനായ്
എങ്ങും മോദം താളം തുള്ളാൻ പുതുമഴ വന്നല്ലോ
താഴമ്പൂവും മുല്ലപ്പൂവും പരിമളമേകാനായ്
താമരയും പൊന്നാമ്പലുമെല്ലാം നിരയായ് വിരിയാനായ്
കായൽതീരത്തായിരമായിരം അലകളുയർന്നീടാൻ
കാറ്റോടൊത്തൊന്നൂഞ്ഞാലാടി കതിർമണി വിളയാനായ്
-അലക്സ് നമ്പ്യാപറമ്പിൽ
Credits: Photo by sasint from pixabay.com