കരുത്ത്

കരുത്ത്

2020, Sep 10    

ഒരു മഴക്കാലത്ത് പുഴയിലൂടെ ഒഴുകി വന്ന ഫലവൃക്ഷത്തിന്റെ ഒരു വിത്ത് പുഴയുടെ ആഴമേറിയ ഭാഗത്ത് തീരത്തണഞ്ഞു.

തീരത്ത് മണ്ണിൽ പുതഞ്ഞ വിത്ത് അനുകൂല അവസ്ഥയിൽ ജീവൻ വച്ചു.

വിത്ത് മുളച്ചു.

വളക്കൂറുള്ള പുഴയോരത്തെ മണ്ണിൽ സാവകാശം വിത്ത് ചെടിയായി.

ഇലകളുണ്ടായി.

ചെടിയിൽ ശിഖരങ്ങളുണ്ടായി.

ഇലകൾ വിരിഞ്ഞു വന്ന ചെടിയോടു പുഴ കിന്നാരം പറഞ്ഞു.
സൂര്യപ്രകാശത്തിൽ ചെടി കൂടുതൽ വളർന്നു.
പുഴ ചെടിയെ നനച്ചുവളർത്തി.
ചെടി വളരെ വേഗം വളർന്നു.
ചെടി നിറയെ ശിഖരങ്ങളും ഇലകളുമുണ്ടായി.

ഇടതൂർന്നു വളർന്ന ഇലകളിൽ കാറ്റ് വന്നു തത്തിക്കളിച്ചു.
ചെടിയും കാറ്റും വലിയ ചങ്ങാതികളായി.
നാടുകൾ ചുറ്റി നടന്ന കാറ്റ് ചെടിയോടു ഒരുപാട് കഥകൾ പറഞ്ഞു. കാറ്റിന്റെ സഞ്ചാരക്കഥകൾ കേൾക്കാൻ ചെടി എന്നും കാറ്റിനെ കാത്തിരുന്നു.

എന്നാൽ ഒരിക്കൽ കാറ്റിന്റെ ഭാവം മാറി.
രൗദ്രഭാവം പൂണ്ട കാറ്റ് ചെടിയെ പിടിച്ചുലച്ചു.
ചെടി തന്റെ ചങ്ങാതിക്കാറ്റിനെ അങ്ങനെ ഒരിക്കലും കണ്ടിട്ടില്ല.
കാറ്റിന്റെ ശക്തിയിൽ ചെടിയുടെ ചില്ലകളൊടിഞ്ഞു.

ഇലകൾ കാറ്റിൽ പറന്നു.

ചെടിയുടെ വേരുകളുടെ മണ്ണിലെ പിടുത്തം വിട്ടു.
ചെടി മറിഞ്ഞു വീണു.

ദിവസങ്ങളുടെ പരിശ്രമത്തിൽ ചെടി പതുക്കെ തല പൊക്കി.
സാവകാശം ഉയർന്നു പൊങ്ങി.

ചെടി ഒരു കാര്യം മനസ്സിലാക്കി. കാറ്റിനോടു പിടിച്ചു നില്ക്കാൻ ഞാൻ കരുത്തനാകേണ്ടിയിരിക്കുന്നു. തന്റെ വേരുകൾ മണ്ണിൽ ആഴത്തിൽ വളരേണ്ടിയിരിക്കുന്നു.
ഉയർന്നു നിൽക്കുവാനും കാറ്റിനെ ചെറുത്തു തോൽപ്പിക്കാനും ആഴത്തിൽ വേരുകൾ പായിച്ചില്ലെങ്കിൽ നിലനിൽപ്പ് അപകടത്തിലാകും.
ചെടിക്കു വളർന്നു പന്തലിക്കുവാൻ എല്ലാവിധ സാഹചര്യങ്ങൾ ഉണ്ടായിരുന്നതുകൊണ്ടും കാറ്റ് തന്റെ ചങ്ങാതിയായിരുന്നതുകൊണ്ടും ജീവിതത്തിൽ ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടാകുമെന്ന് ചെടി കരുതിയിരുന്നില്ല.

ചെടി തന്റെ വേരുകളെ ആഴത്തിലേക്ക് നീട്ടി.

കാറ്റ് വീണ്ടും തന്റെ രൗദ്രഭാവത്തിൽ ശക്തിയായി ചെടിയെ പിടിച്ചുലച്ചു.
എന്നാൽ ചെടി തന്റെ വേരുകളുടെ ബലത്തിൽ പിടിച്ചുനിന്നു.
ഓരോ തവണ കാറ്റ് വീശിയപ്പോഴും ചെടി കൂടുതൽ ശക്തിയിൽ പിടിച്ചുനിന്നു.
വേരുകളുടെ ബലത്തിൽ ചെടി കൂടുതൽ കരുത്ത് നേടി.

ചെടി ഒരു ചെറിയ മരമായി വളർന്നു.

അപ്പോഴേക്കും ആഴത്തിൽ വളർന്ന വേരിന്റെ ബലത്തിൽ എത്ര ശക്തിയിൽ വരുന്ന കാറ്റിനെയും അതിജീവിക്കുവാൻ ചെടി ശക്തിയാർജിച്ചിരുന്നു.
തന്റെ ശക്തി തന്റെ വേരുകളിൽ ആണെന്ന് ഉത്തമബോധ്യത്തിൽ പ്രതിസന്ധികളെ അതിജീവിക്കുവാൻ ചെടി പഠിച്ചു.

ഒരിക്കൽ ചെടി കാറ്റിനോട് പരിഭവം പറഞ്ഞു.
“നീ എന്റെ ചങ്ങാതിയായിരുന്നല്ലോ. പിന്നെന്താണ് എന്നോട് ഇങ്ങനെയെല്ലാം പെരുമാറിയത്.”

കാറ്റ് പറഞ്ഞു “എനിക്ക് നിന്നോട് ഒരു പിണക്കവുമില്ല.
എന്താണെന്നറിയില്ല, ചിലപ്പോൾ എനിക്കെന്നെ നിയന്ത്രിക്കാൻ കഴിയാതെ വരുന്നു.”

അപ്പോൾ ചെടി പറഞ്ഞു
“ചങ്ങാതി, എനിക്ക് നിന്നോടിപ്പോൾ യാതൊരു പിണക്കവുമില്ല മറിച്ച് നിന്നോടെനിക്ക് നന്ദി ഉണ്ട്.
കാരണം എന്റെ ശക്തി എന്റെ വേരുകളിൽ ആണെന്ന് നീ എന്നെ പഠിപ്പിച്ചു.
പ്രതിസന്ധികളെ തരണം ചെയ്യാൻ എനിക്കിപ്പോൾ കഴിയുന്നത് ചെറുത്തുനിൽപ്പിലൂടെ ഞാൻ ആർജിച്ചെടുത്ത കരുത്തിലൂടെയാണ്.”

ചെടി കാറ്റിനോട് വീണ്ടും പറഞ്ഞു, “ചങ്ങാതീ, നന്ദിയുണ്ട്, എന്നെ ഞാൻ ആക്കിയതിൽ.”

-അലക്സ് നമ്പ്യാപറമ്പിൽ


Credits: Photo by Johannes Plenio from Pexels