
നന്ദി പ്രിയ വിദ്യാലയമേ
ഇരുളിൽ പ്രകാശത്തെ തേടി ഞാനലഞ്ഞപ്പോൾ
ഈ വിശ്വപ്രകാശത്തെ എൻ ഹൃത്തിൽ നിറച്ചേകി
ജീവിത യാത്രയിതിൽ ഇടറാതടരാടാൻ
ജീവിത വിജയത്തെ ഉൾത്താരിൽ നിറവാക്കി
നന്മകൾ നിത്യം നൽകും എൻ വിദ്യാസങ്കേതമെ
നമിച്ചീടട്ടെ നിന്നെ ശതാബ്ദി നിറവിങ്കൽ
ധന്യമാം വാഴ്ത്തപ്പെട്ട സത്പിതാ തെളിയിച്ച
ധന്യമാം ദിവ്യാശ്രമ ദീപത്തിൻ പൊൻപ്രകാശം
ഒന്നര പതിറ്റാണ്ടു കാലമായ് അനുഗ്രഹ-
പൂമഴ ചൊരിയുന്ന കർമ്മലനാഥേ അമ്മേ
ഉണ്ണിയാം ശ്രീയേശുവിൻ നാമത്താൽ നാടിനെന്നും
വിണ്ണോളം യശസ്സേകും മാമക വിദ്യാലയം
പ്രകൃതി രമണീയ കർമ്മല ഗിരി തന്നിൽ
പ്രഭയിൽ വിരാജിക്കും മാതൃവിദ്യാലയത്തിൽ
ഒളിയാലൊരു നൂറു വർഷമായ് അറിവിൻ്റെ
ഉറവ വറ്റീടാത്ത അക്ഷയ ഖനി നൽകി
അരിയ പ്രകാശത്തിൻ അണയാ കൈത്തിരികൾ
അരികിലണഞ്ഞവർക്കേവർക്കും കനിഞ്ഞേകി
അമ്മ തൻ സ്നേഹം നൽകും സ്നേഹവിദ്യാലയമേ
അനന്ത സ്നേഹത്താലെൻ മാനസം നിറയുന്നു
നന്ദി ഞാൻ ചൊല്ലീടട്ടെ പ്രണമിച്ചീടട്ടെ ഞാൻ
നമിച്ചു സ്തുതിക്കട്ടെ അഞ്ജലി കൂപ്പി നിത്യം
വരദാനങ്ങൾ നൽകി സംസ്കൃതി പഠിപ്പിച്ച
വന്ദ്യരാം ഗുരുക്കളേ സന്തതം വണങ്ങുന്നു
വർണ്ണാഭയേറും മുത്തുക്കുടയും ചൂടി ചാരെ
പൗർണ്ണമി ശോഭയോടെ നിൽക്കുമെൻ ദിവ്യനാഥാ
നിൻ തിരുപാദങ്ങളിൽ ആയിരം പുതുപൂക്കൾ
നിൻ സ്നേഹലാളനത്തിനേകട്ടെ നന്ദിയോടെ
നന്ദി ഞാൻ ചൊല്ലീടട്ടെ സദയം സ്തുതിക്കട്ടെ
എന്നെ ഞാനാക്കിത്തീർത്ത എന്നാത്മ കലാശാലേ
ആയിരം പുഷ്പങ്ങൾ കോർത്തായിരം പൂച്ചെണ്ടുകൾ
ആത്‌മാവിൽ നിറയുന്ന നന്ദിയാലർപ്പിക്കട്ടെ!
-അലക്സ് നമ്പ്യാപറമ്പിൽ
This was written in 2011 as a tribute to Infant Jesus Higher Secondary School, Vazhakulam on its 100th Anniversary on its annual magazine ശതാബ്‌ദി സ്മരണിക 1911 - 2011