ഓർമ്മക്കായ്

ഓർമ്മക്കായ്

2010, May 01    

നിനച്ചിടാതിരിക്കലും ഇഹത്തിൽ നിന്നു പോകണം
മടിച്ചിടേണ്ടൊരിക്കലും ഇഹത്തിൽ നിന്നു പോകുവാൻ
തനിച്ചു വന്നു മണ്ണിതിൽ, തനിച്ചു തന്നെ പോകണം
ഉറച്ചൊരുങ്ങി നിൽക്കവിന്നുണർന്നിടാതുറങ്ങുവാൻ
തിരിച്ചു ഭൂവിൽ വന്നിടാൻ നിനച്ചിടേണ്ടൊരിക്കലും
ഉറച്ച ചിത്തമോടെ യാത്ര ചൊല്ലിടാം ചിരിച്ചിടാം
ഹരം പിടിച്ചു കാഞ്ചനം നിറച്ചു വച്ചതും പരം
കരം നിറച്ച് കൂട്ടി വച്ചതൊക്കെയും ത്യജിക്കണം
കരത്തിലർത്ഥമില്ല തെല്ലുമെ കരുത്തനാകിലും
കരം പിടിച്ചു പോകുവാൻ കനിഞ്ഞിടില്ല സോദരർ
ഒരിറ്റു നന്മ സോദരർക്കു നൽകുകിൽ ധരിത്രിയിൽ
ഒരിക്കലും മറക്കുകില്ല മർത്യർ ഹൃത്തിലേറ്റിടും
ഒരിക്കലന്ന്യനേകിടുന്ന സാന്ത്വനത്തിനൊക്കെയും
ഒരിക്കലും മറന്നിടാതനുഗ്രഹിക്കുമീശ്വരൻ
മനം നിറഞ്ഞു നൽകുമത്ര നന്മ തൻ പ്രകാശവും
മന്നിതിൽ തിളങ്ങിടും പതിൻമടങ്ങ് ശോഭയിൽ
മടിച്ചിടാതെ മന്നിതിൽ നിറച്ചിടുന്ന നൻമകൾ
മരിച്ചിടാത്ത സ്നേഹഗാഥ ഏറ്റു ചൊല്ലുമേവരും

-അലക്സ് നമ്പ്യാപറമ്പിൽ


Credits: Photo by sasint from pixabay.com
Published on Nambiaparambil Kudumbayoga Bulletin 2010