വരൂ... വിരുന്നുണ്ണാൻ

വരൂ... വിരുന്നുണ്ണാൻ

2011, Jan 01    

പ്രകൃതി രമണീയം നമ്മുടെ ഗ്രാമത്തിനായ്
പ്രകൃതി കനിഞ്ഞേകി തേൻ നിറച്ചൊരു ഫലം
ആരുമേ കൊതിക്കുന്ന മധുരക്കനിയുടെ
ആരാമ ഗ്രാമമിത് പൈനാപ്പിൾ വാഴക്കുളം
തേനൂറും മധുകുഭം നാടിതിൻ പേരിനൊരു
തേജസ്സായി വിരാജിപ്പൂ പൈനാപ്പിൾ പറുദീസ
കാഞ്ചനകാന്തിയോടെ പച്ചയാം മുടിചൂടി
കാത്തിടും ഭൂസൂചിക പദവി നെറുകയിൽ
എത്തിയിന്നെവിടേയും ഗ്രാമത്തിന് പെരുമയായ്
എത്രയും മധുരിക്കും റാണിയായ് വാണീടുവാൻ
എത്രയോ രാജ്യങ്ങളിൽ എത്രയോ ദേശങ്ങളിൽ
എത്തുന്നു വിരുന്നിലെ തിളങ്ങും നക്ഷത്രമായ്
നാലഞ്ചു പതിറ്റാണ്ടു കാലമായ് കൃഷിവലർ
നാടാകെ കൃഷിചെയ്തു മധുരം കൊയ്‌തീടുന്നു
നാടിന് വരുമാനം, വിജയക്കുറി ചാർത്തി
നാമിന്നു ലോകത്തിന് മാതൃക തീർത്തീടുന്നു
ഏറെയുണ്ടഭിമാനം ഞങ്ങളീ ഗ്രാമത്തിന്ന്
ഏറ്റവും യശസ്സേകി സത്‌കീർത്തി നിറവാക്കി
വിശ്വത്തിനേകീടുന്നു വശ്യമാം മധുഫലം
വന്നീടൂ വിരുന്നുണ്ണാൻ മധുരം നിറച്ചുണ്ണാൻ

-അലക്സ് നമ്പ്യാപറമ്പിൽ


Credits: Photo by Alen Alex
Published on All Kerala Pineapple Merchants Association Bulletin (Madhuram) - 2011